Kerala News

മൃതദേഹം അര്‍ധനഗ്നമായ നിലയില്‍, യുവതിയുടേത് കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവതിയുടേത് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. അര്‍ധനഗ്നമായി, സ്വര്‍ണാഭരണങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിലാണ് വാളൂര്‍ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പേരാമ്പ്ര പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയെ കാണാതായ ശേഷം വാളൂര്‍ പ്രദേശത്ത് കറങ്ങിനടന്ന യുവാവിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അനുവിനെ കാണാതായത്. ചൊവ്വാഴ്ചയാണ് വാളൂര്‍ കനാലില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങി മരിക്കാന്‍ സാധ്യത കുറവാണ്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആഭരണങ്ങള്‍ നഷ്ടമായത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അനുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അനുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും പറയുന്നു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വീട്ടുകാര്‍ പ്രതികരിച്ചു. അനുവിന്റേത് മുങ്ങിമരണമാണെന്നും ബലാത്സംഗശ്രമത്തിന്റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.

Related Posts

Leave a Reply