മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. ഇവരുടെ വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ ക്ക് മുന്നിൽ ഹാജരാക്കും.
ഇടുക്കി എൻഫോഴ്‌സ്മെന്റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡിലെ എഎംവിഐ ഫിറോസ് ബിൻ ഇസ്മായിലിന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.