Kerala News

മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം

മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂവുടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികള്‍. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. സിപിഐഎമ്മിന്റെ കണക്കില്‍ 188 കുടിയേറ്റ കര്‍ഷകര്‍ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ദൗത്യസംഘം ഒഴിപ്പിച്ച 5 കയ്യേറ്റങ്ങളില്‍ മൂന്നെണ്ണം ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഇത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ചിന്നക്കനാലില്‍ കഴിഞ്ഞദിവസം കര്‍ഷകര്‍ രൂപീകരിച്ച ഭൂസംരക്ഷണ സമിതിക്ക് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് നേരിട്ടെത്തി പിന്തുണ വാഗ്ദാനം ചെയ്തു. കളക്ടര്‍, മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കന്നതോടൊപ്പം ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷനും നല്‍കും. പേര് വെളിപ്പെടുത്താത്ത 17 പേര്‍ ഉള്‍പ്പെടെ 35 വന്‍കിട കയ്യേറ്റങ്ങള്‍ പട്ടികയിലുണ്ട്. ഇവരുടെ കൈവശം മാത്രം 200 ഏക്കറില്‍ അധികം ഭൂമിയുണ്ടെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്നുമാണ് സിപിഎം നിലപാട്.

Related Posts

Leave a Reply