Kerala News

മൂന്നാറിലെ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിലെ വീഴ്ച സിബിഐ അന്വേഷിക്കണോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും

ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിലെ വീഴ്ച സിബിഐ അന്വേഷിക്കണോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഉന്നതരുടെ കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ വീഴ്ച അന്വേഷിക്കാന്‍ സിബിഐയ്ക്ക് വിടുന്ന കാര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജില്ലാ കളക്ടറുടെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഉന്നതരുടെ കൈയ്യേറ്റങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ഇന്ന് വിശദീകരിക്കണം.

വന്‍കിട കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് എടുക്കേണ്ട കേസുകള്‍ എടുത്തില്ല എന്നതാണ് സര്‍ക്കാരിനെതിരായ പ്രധാന വിമര്‍ശനം. 42 കേസുകളില്‍ സര്‍ക്കാര്‍ മനപൂര്‍വ്വം തോറ്റുകൊടുത്തുവെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ഇതിന് ശേഷം റവന്യൂ വകുപ്പ് തുടര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കടുത്ത തീരുമാനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.

മൂന്നാറിലെ അനധികൃത ഭൂമി കൈയ്യേറ്റത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉന്നതര്‍ക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ ഭൂമി കൈയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചിരുന്നു. പതിനാല് വര്‍ഷമായി ഇത് നടക്കുന്നില്ലെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉദാസീനതയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

സര്‍ക്കാര്‍ നടപടി ചെറിയ കൈയ്യേറ്റങ്ങളില്‍ മാത്രമായി ഒത്തുങ്ങുന്നു എന്നും വലിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല എന്നും കോടതി പറഞ്ഞിരുന്നു. കൂടാതെ വിഷയത്തില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ മോണിറ്ററിംഗ് സമിതിയെ കോടതി നിയോഗിച്ചിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ലെന്നും മോണിറ്ററിംഗ് സമിതി ഹൈക്കോടതിയെ സഹായിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചുണ്ട്.

Related Posts

Leave a Reply