ഹരിയാനയിലെ ബിജെപി വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവദ്ഗീതയുടെ നാട്ടില്‍ മൂന്നാമതും ബിജെപിയെ അധികാരമേല്‍പ്പിച്ച് ജനങ്ങള്‍ ചരിത്രമെഴുതിയെന്ന് മോദി പറഞ്ഞു. 13 തെരഞ്ഞെടുപ്പുകള്‍ കണ്ട ഹരിയാനയില്‍ ഇത് ആദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിനെ ഒരിക്കലും തുടര്‍ച്ചയായി ജനങ്ങള്‍ ഭരണം ഏല്‍പ്പിച്ചിട്ടില്ല. ഹരിയാനയിലെ ജനങ്ങള്‍ വീണ്ടും ഭരണം ബിജെപിക്ക് നല്‍കിയെന്ന് മാത്രമല്ല അവര്‍ കൂടുതല്‍ വോട്ടുവിഹിതവും സീറ്റുകളും തങ്ങള്‍ക്ക് സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനുനേരെ നോ എന്‍ട്രി ബോര്‍ഡ് വച്ചിരിക്കുകയാണെന്ന് മോദി പരിഹസിച്ചു. അധികാരം ജന്മാവകാശമെന്നാണ് ഇപ്പോഴും കോണ്‍ഗ്രസ് കാണുന്നത്. ദരിദ്രരായവരെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിപ്പോരുന്നത്. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ദളിതരെയും പിന്നോക്കരെയും കോണ്‍ഗ്രസ് ഹരിയാനയില്‍ അപമാനിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം എന്നിവ നിഷേധിച്ചു. നൂറുവര്‍ഷം അധികാരം കിട്ടിയാലും കോണ്‍ഗ്രസ് ദളിതരെയോ ആദിവാസിയെയോ പിന്നെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരയോ പ്രധാനമന്ത്രി ആക്കില്ലെന്ന് മോദി ആഞ്ഞടിച്ചു. ഹരിയാനയില്‍ ദളിത് സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഹരിയാനയില്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതിയെന്ന് മോദി വിമര്‍ശിച്ചു. എന്നാല്‍ ആ ശ്രമങ്ങളെയെല്ലാം ഹരിയാനയിലെ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. സൈനികരുടെ പേരിലെ കള്ളക്കഥയ്ക്ക് യുവാക്കള്‍ മറുപടി നല്‍കി. കര്‍ഷകരെയും സൈനികരെയുംഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിന് ജനം മറുപടി നല്‍കിയെന്നും മോദി പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളേയും പ്രധാനമന്ത്രി തള്ളി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. അര്‍ബന്‍ നക്‌സലുകളുമായി ചേര്‍ന്ന് രാജ്യത്ത് ഭീതി പടര്‍ത്തുന്നു. അവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യുകയാണ്. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോദി വിമര്‍ശിച്ചു.