Kerala News

മൂന്നര‌ വയസുകാരനെ അധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൊച്ചി: മൂന്നര‌ വയസുകാരനെ അധ്യാപിക ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്കൂളിന്റെ പ്രവർത്തനം തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മട്ടാഞ്ചേരി സമാർട് കിഡ്സ് പ്ലേ സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ അം​ഗീകാരമില്ലാത്ത പ്ലേ സ്കൂളാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സ്കൂളിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സംസ്ഥാനത്ത് അം​ഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

അം​ഗീകാരവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഇത്തരം സ്ഥാപനങ്ങൾ നടത്താൻ കെട്ടിടങ്ങൾ വിട്ടുനൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

ബുധനാഴ്ചയാണ് കുട്ടിക്ക് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ആനവാതിൽ സ്വദേശി സീതാലക്ഷ്മിയെ (35) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താത്ക്കാലിക അധ്യാപികയായിരുന്ന ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു.

Related Posts

Leave a Reply