പത്തനംതിട്ട : ഡിവൈഎഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കോടതിയെ സമീപിച്ച് മൗണ്ട് സിയോൺ കോളേജിലെ മർദ്ദനമേറ്റ നിയമ വിദ്യാർഥിനി. സിപിഎം പെരുനാട് എരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്സൺ ജോസഫിനെ അറസ്റ് ചെയ്യാതെ ആറന്മുള പൊലീസ് ഒത്തുകളിക്കുകയാന്നെന്ന് പെൺകുട്ടി ആരോപിച്ചു. അതേസമയം, മർദ്ദിച്ചതടക്കം ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ഡിവൈഎഫ്ഐ നേതാവും പുറത്ത് വിട്ടു.
ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പാർട്ടി പരിപാടികളിലടക്കം ജയിസൺ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ ആക്ഷേപം.പൊലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർഥിനി ഹർജി നൽകി.
അതേസമയം, ഡിസംബർ 20 ന് മൗണ്ട് സിയോൺ ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ മർദിച്ചുവെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയസൺ ജോസഫ് പറയുന്നു. പെൺകുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളേജിൽ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയിൽ വ്യക്തമാണെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് ജെയസൺ അവകാശപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങൾ പെൺകുട്ടി പൂർണമായും തള്ളി. തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുക്കാൻ വൈകിയതോടെ പൊലീസ് സ്റ്റേഷനിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന പ്രതിഷേധിച്ചിരുന്നു. അതിന് ശേഷമാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കൾക്ക് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തത്. എന്നാൽ അതിന് പിന്നാലെ പെൺകുട്ടിക്ക് എതിരെ തുടർച്ചയായി കേസുകൾ എടുത്തത് വിവാദമായിരുന്നു.