Kerala News

മുസ്‌ലിം ലീഗിനെതിരെയും ജമാഅത്ത് ഇസ്‌ലാമിക്കെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെയും ജമാഅത്ത് ഇസ്‌ലാമിക്കെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതര ജനാധിപത്യത്തോട് ഇരു കൂട്ടര്‍ക്കും എതിര്‍പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇരു സംഘടനകളെയും ഒരേ കണ്ണുകളോടെ കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തിന്റ പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ജമാഅത്തെ ഇസ്‌ലാമി ഖലീഫമാരുടെ കാലത്തേക്ക് കൊണ്ടു പോകണമെന്നാഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക സാമ്രാജ്യ സ്ഥാപനമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യമെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ‘ജമാഅത്തെ ഇസ്‌ലാമിക്ക് യെമെനിലെ ഷിയാ വിങ് പ്രവര്‍ത്തകര്‍ മുതല്‍ ഈജിപ്തിലെ ബ്രദര്‍ ഹുഡുമായി വരെ ബന്ധമുണ്ട്. അമേരിക്കയുമായി കൈകോര്‍ക്കുന്നു. രക്തപങ്കില അട്ടിമറി നടത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമി. ആര്‍എസ്എസിന്റെ ഇസ്‌ലാം പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി’, അദ്ദേഹം പറഞ്ഞു.

ആദ്യം മതാടിസ്ഥനത്തില്‍ രാഷ്ട്രങ്ങളെ വിലയിരുത്തുക എന്നതാണ് ജമാഅത്തെ താല്പര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലീഗിന് അങ്ങനെ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ ഏത് വര്‍ഗീയ സംഘടനകളുമായും മുസ്‌ലിം ലീഗ് കൂട്ട് കൂടുന്നുവെന്നും മത തീവ്രവാദ ശക്തികളോട് സഹകരിക്കില്ല എന്ന് ലീഗ് പ്രഖ്യാപിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

‘കേരളം ഐഎസ് റിക്രൂട്‌മെന്റ് നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞാല്‍ സത്യമല്ല. അത് കേന്ദ്രത്തിന് ആയുധം കൊടുക്കലാണ്. സംഘപരിവാര്‍ പ്രചാരണത്തിന് ശക്തിപകരലാകും അത്. ലീഗിന്റെ അവസര വാദം തുറന്നു കാട്ടണം. ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്നു എന്ന് പറയുന്ന കെ സുധാകരന്‍ ലീഗ് മുന്നണിയുടെ നേതാവാണ്. ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്നെന്ന് പറയുന്ന സുധാകരന്റെ കൂടാരത്തിലിരുന്നാണ് മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇസ്‌ലാമിനെതിരെ പറഞ്ഞു എന്ന് ലീഗ് പ്രചാരിപ്പിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

ലീഗ് മലപ്പുറത്തു വലിയ പ്രചാരണം അഴിച്ചു വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മലപ്പുറത്ത് കൂടുതല്‍ കേസുകള്‍ എടുക്കുന്നു എന്ന ലീഗ് പരാമര്‍ശം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും എഫ്‌ഐആര്‍ കണക്കുകള്‍ നിരത്തി അദ്ദേഹം പറഞ്ഞു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസെന്ന് ഔദ്യോഗിക രേഖയിലില്ല. 40000ത്തില്‍ താഴെ കേസുകളാണ് മലപ്പുറത്തുള്ളത്. എങ്ങനെ അത് കൂടുതല്‍ കേസുകളാകും? ലീഗ് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. സര്‍ക്കാരല്ല ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply