കൽപ്പറ്റ: വയനാട് മുളള്ളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയിൽ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ മറ്റൊരു പശുവിന് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
പുലർച്ചെ മൂന്നരയോടെയാണ് മുള്ളൻകൊല്ലി പൂഴിപുറത്ത് മാത്യുവിൻ്റെ പശുകിടാവിനെ കടുവ പിടികൂടിയത്. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും കിടാവിനെ കൊണ്ടുപോയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. രാവിലെ നടത്തിയ തിരച്ചിലിൽ തൊഴുത്തിൽ നിന്ന് 100 മീറ്റർ അകലെ പാതി തിന്ന നിലയിൽ പശുക്കിടാവിൻ്റെ ജഡം കണ്ടെത്തുകയായിരുന്നു.
വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയാണിത്. ഇവിടെ മുൻപും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ പ്രദേശത്ത് ക്ഷീരകർഷകരാണ് ഭൂരിഭാഗവും താമസിക്കുന്നത്. അതേസമയം, വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നും ഭീതിയകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. 2 ആഴ്ച മുമ്പാണ് ഒരു കടുവയെ മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയത്.