കൊച്ചി: മുലയൂട്ടുകയെന്നത് അമ്മയുടെയും മുലയുണ്ണുകയെന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്ന് ഹൈക്കോടതി. അത് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറണമെന്ന് ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഈ കാര്യം വ്യക്തമാക്കിയത്. കുട്ടിയുടെ അമ്മ ആർക്കൊപ്പം കഴിയുന്നു എന്നുളള വിഷയങ്ങൾ കണക്കാക്കിയല്ല കുഞ്ഞിന് മുലയൂട്ടുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും കോടതി വിമർശിച്ചു.
കഴിഞ്ഞ വർഷമാണ് യുവതി കുട്ടിക്ക് ജന്മം നൽകിയത്. കുട്ടി ജനിച്ചതിന് ശേഷമാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കുപോകുന്നത്. പിന്നീട് യുവതി ഭർത്താവിന്റെ അമ്മയുടെ രണ്ടാം ഭർത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെതിരെ യുവതി ഹൈക്കോടതിയിൽ എത്തുകയായിരുന്നു.
കേസിൽ ശിശുക്ഷേമസമിതിയുടെ ഉത്തരവിൽ പ്രതിഫലിക്കുന്നത് ധാർമിക പക്ഷപാതമാണെന്നാണ് കോടതിയുടെ അഭിപ്രായം. ഭർത്താവിൽ നിന്നും ശാരീരികമായും മാനസികമായും ഉപദ്രവം ഉണ്ടായതിനാലാണ് ബന്ധം വേർപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. ആരുടെകൂടെ താമസിക്കുന്നു എന്നത് കണക്കിലെടുത്ത് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമസമിതി ഉത്തരവിട്ടത് തെറ്റാണ്. അതിനാൽ കുട്ടിയെ വിട്ട് നൽകണമെന്ന് യുവതി വാദിച്ചു.
കുട്ടിക്ക് മുലകുടിക്കുന്ന പ്രായമാണെന്ന കാര്യം ശിശുക്ഷേമസമിതി കണക്കിലെടുത്തില്ല. അമ്മയുടെ സംരക്ഷണത്തിൽനിന്ന് കുട്ടിയെ ഒരുമാസമായി അകറ്റിയത് സ്വഭാവികനീതിയുടെ നിഷേധമാണ്. കുട്ടിയെ ഉടൻ തന്നെ അമ്മയ്ക്ക് കൈമാറണം. കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ അത് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.