കൊച്ചി : മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.
കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാൻ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്.
2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാർത്തയും റിപ്പോർട്ടർ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്.