മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും . ഹര്‍ജി താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് സി.ടി. രവി കുമാര്‍ ആരോപിച്ചിരുന്നു. ഹര്‍ജി അടുത്ത വര്‍ഷം ജനുവരി 5 വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജനുവരി അഞ്ചിനാണ് ജസ്റ്റിസ് രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്.
ജസ്റ്റിസ് രവികുമാറിന്റെ മുമ്പാകെ അല്ല ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് സഞ്ജയ് കരാേള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1990 ഏപ്രില്‍ നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.