കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ പന്തംകൊളുത്തി പ്രതിഷേധവുമായി സമരക്കാര്‍. വിഷയം പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈകിയ വേളയില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ആവശ്യമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും സമരക്കാര്‍ പറഞ്ഞു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും എന്ത് ജീവിതമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും സമരക്കാര്‍ ചോദിക്കുന്നു. കിടക്കാന്‍ മണ്ണില്ല. ഒരു തുണ്ട് മണ്ണിന് വേണ്ടിയാണ് തങ്ങളുടെ സമരമെന്നും സമരക്കാര്‍ പറയുന്നു. മൂന്ന് വര്‍ഷമായി സമരമുഖത്തുണ്ട്. ഇനിയെങ്കിലും ഒരു തീരുമാനം ഉണ്ടാകണമെന്നും സമരക്കാര്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് മുനമ്പം വിഷയം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമേ മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന നിലപാടും സര്‍ക്കാര്‍ ഭൂസംരക്ഷണ സമിതി പ്രതിനിധികളെ അറിയിച്ചു. വഖഫ് നോട്ടീസ് ലഭിച്ച ആളുകള്‍ക്ക് നിയപരമായ സംരക്ഷണം ഉറപ്പുവരുത്തും. മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുവരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയയ്ക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സമരക്കാര്‍ പന്തംകൊളുത്തി പ്രതിഷേധവുമായി നിരത്തില്‍ ഇറങ്ങിയത്.