തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം സാഹിത്യനിരൂപകനും കേരള യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണൻ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
കവിയും പ്രഭാഷകനുമായ ഡി. അനിൽ കുമാർ ആദ്യ കോപ്പി സ്വീകരിച്ചു.
കവിയും അധ്യാപകനുമായ ഡി. യേശുദാസ് പുസ്തകാവതരണം നടത്തി.
എഴുത്തുകാരനും പരിധി പബ്ലിക്കേഷന്സിന്റെ സാരഥിയുമായ ഡോ. എം രാജീവ് കുമാർ സ്വാഗതം ആശംസിച്ചു.
രാജ്ഭവൻ പി ആർ ഓ എസ്.ഡി. പ്രിൻസ്, കവിയും നോവലിസ്റ്റുമായ ഡോ. ജേക്കബ് സാംസൺ, മുതിർന്ന പത്രപ്രവർത്തകൻ സാമുവൽ കുട്ടി എന്നിവർ ആശംസാപ്രഭാഷണം നടത്തി. ടോബി തലയൽ നന്ദി പ്രകാശിപ്പിച്ചു.
പത്രപ്രവർത്തകൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനായ ടോബി, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയാണ്. ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ്സിന്റെ പത്രാധിപസമിതിയിൽ 17 വർഷം അംഗമായിരുന്നു.
തുടർന്ന്, മസ്‌കറ്റിലെ ഒമാൻ ട്രിബ്യുൺ, ഒമാൻ ഡെയ്‌ലി ഒബ്സർവർ എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു.
ഇപ്പോൾ ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതയും ലേഖനങ്ങളും എഴുതുന്നു.
2022ൽ പുറത്തിറങ്ങിയ
‘ഉറങ്ങാത്ത ജനാല’ എന്ന കവിതാസമാഹാരമാണ് ആദ്യകൃതി.
രണ്ടാമത്തെ പുസ്തകമായ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ പ്രസിദ്ധീകരിച്ചത്
പരിധി പബ്ലിക്കേഷൻസ് ആണ്.
പുസ്തകം തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള പരിധിയുടെ പുസ്തകശാലയിൽ ലഭിക്കും. തപാലിൽ ലഭിക്കാൻ 98 95 68 65 26 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുക.