മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന പരാമര്‍ശങ്ങളുള്ള ഗാനം ആലപിച്ച് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. മുഖ്യമന്ത്രിക്കായുള്ള വാഴ്ത്ത്പാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തിയത്.
‘പടയുടെ പടനായകനായി’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചെഴുതിയ സംഘഗാനമാണ് സെക്രട്ടേറിയേറ്റിലെ 100 വനിതാ ജീവനക്കാർ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആലപിച്ചത്.
കേരളത്തിലെ സർവ്വീസ് മേഖല അസ്വസ്ഥതമായ കാലം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവ്വീസ് മേഖല സംഘടനകൾ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും സമരം ചെയ്തു. ഇന്നത്തെ പുതിയ തലമുറ ഇക്കാര്യങ്ങൾ മനസിലാക്കണം എന്നില്ല.
കഴിഞ്ഞ കാല പ്രവർത്തന ചരിത്രവും പ്രയാസങ്ങളും ത്യാഗങ്ങളും നിറഞ്ഞതാണ്. അക്കാര്യങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ കഴിയണം എന്നാൽ മാത്രമെ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ നേടിയത് എങ്ങനെയെന്ന് അറിയാൻ കഴിയൂ.
KSEA സാമൂഹ്യ രംഗത്തും ഇടപെട്ട സംഘടനയാണ്. ചില ദുരന്തങ്ങൾ ഘട്ടങ്ങളിലെല്ലാം നാടിനും നാട്ടുകാർക്കൊപ്പവും പ്രവർത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. സർവീസ് രംഗത്തെ സംഘടനകളുടെയെല്ലാം ചരിത്രം അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കുറ്റപ്പെടുത്തലുകൾക്കും അധിക്ഷേപത്തിനും ആരോപണങ്ങൾക്കുമിടയിൽ ഒരു പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾ അസ്വസ്ഥരാകുന്നു എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വാഴ്ത്തു പാട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നിൽകിയത്. വ്യക്തി പൂജയ്ക്ക് നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.