കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി റിയാസിനെ മന്ത്രിയാക്കിയതിലും പ്രതിനിധികള്‍ അതൃപ്തി പരസ്യമാക്കി.
ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് ‘ആന മണ്ടത്തരം’. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമാണ്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയർത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.
നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടികാട്ടി പ്രതിനിധികള്‍ പരിഹസിച്ചു. പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കള്‍ക്ക് ഉണ്ടാകേണ്ടതെന്നും വിമര്‍ശനം ഉയർന്നു. സന്ദീപ് വാര്യരെ ‘നല്ല സഖാവാക്കാന്‍’ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യം ഉയര്‍ന്നു. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.