കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഖലീഫ ഭരണത്തെ അവഹേളിച്ചു എന്ന ജമാഅത്തെ ഇസ്‌ലാമി ആരോപണത്തിനെതിരെ കാന്തപുരം സുന്നി വിഭാഗം. മുഖ്യമന്ത്രി പിണറായി വിജയനെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കരുതെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളില്‍ ആരെങ്കിലും മുസ്‌ലിം വിരോധിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. അങ്ങനെ മുസ്‌ലിം വിരോധികളെ വര്‍ധിപ്പിച്ചെടുത്ത് എല്ലാവരും മുസ്‌ലിങ്ങള്‍ക്കെതിരാണ് എന്ന് വരുത്തി തീര്‍ക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആശയപരമായി ഇസ്‌ലാമിനോട് വിയോജിച്ച് നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇസ്‌ലാമിന് അകത്തുതന്നെ ആശയപരമായി പല വ്യത്യാസങ്ങളുമുണ്ട്. പരസ്പര ബഹുമാനത്തോട് കൂടി ആശയ സംവാദങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു. സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ഖലീഫ ഭരണത്തെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നാരോപിച്ച് ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം.