Kerala News

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ

മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണത്തിലെ കണ്ടത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കും.

കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് എസ് എഫ് ഐ ഒ യുടെ നേതൃത്വത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കന്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാന്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

Related Posts

Leave a Reply