Kerala News

മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. പൊലീസിലെ മാഫിയവൽക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമർശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. തൃശ്ശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് നേതൃത്വത്തിൽ സായാഹ്ന ധർണ്ണകളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കും.

അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്‍റെ രണ്ടാം ദിനമായ ഇന്നും സംഭവ ബഹുലമാകും. എഡിജിപി എംആർ അജിത് കുമാർ, ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂട്ടിക്കാഴ്ച്ച അടിയന്തര പ്രമേയമായി ഉന്നയിക്കാൻ ആണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഉന്നയിക്കും.

കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം ഉടലെടുത്തിരുന്നു. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്.

Related Posts

Leave a Reply