തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ ആലങ്കോട്ടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് ഉയരുന്ന ആരോപണം. ബുധനാഴ്ച രാത്രി 8.20ഓടെ വർക്കലയിലെ നവകേരളസദസ്സ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ആറ്റിങ്ങലിലേക്കു വരുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. നൂറോളംപേരടങ്ങുന്ന കെ എസ് യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിനെത്തിയത്.ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ നേരിടാൻ രംഗത്തെത്തി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
