മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള എം എസ് ഗോപീകൃഷ്ണന്റെ വെല്ലുവിളി. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്നു തരാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം കടക്കൽ പ്രദേശത്തെ പൊതുപ്രവർത്തകൻ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളിയും തെറി പ്രയോഗവും. കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും വെല്ലുവിളിയുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ മുഴക്കിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് വാഹനം തടഞ്ഞാൽ എല്ലാ മറുപടിയും അന്ന് തരാമെന്നാണ് വെല്ലുവിളിച്ചത്.
അതേസമയം നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്.
പലയിടത്തും കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരും തല്ലിച്ചതക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷം എന്തിനാണ് നവ കേരള സദസ്സ് ബഹിഷ്കരിച്ചത് എന്ന് മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങളോട് ആറമ്മുളയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.