Kerala News

മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറെത്തി; മാസം 80 ലക്ഷം വാടക, 11 പേർക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസിനും വേണ്ടി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരത്തെത്തി. മൂന്ന് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ആണ് വാടകയ്ക്കെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.

നിത്യ ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിൽ സർക്കാർ വലിയ വിമർശനമാണ് നേരിടുന്നത്. 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തിയിരിക്കുന്നത്. ഈ വർഷം മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇതു സംബന്ധിച്ച് അന്തിമ കരാറിലെത്തിയത്.

ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ വാടക. അതിൽ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. ഹെലികോപ്ടറിൽ പൈലറ്റ് ഉള്‍പ്പടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനും ഹെലികോപ്റ്റർ ഉപയോഗിക്കും.

Related Posts

Leave a Reply