മുംബൈ: മാസ ശമ്പളം 13000 രൂപ, യുവാവ് തട്ടിയെടുത്തത് 21 കോടി. ഛത്രപതി സംഭാജിനഗറിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ് ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികൾ തട്ടിയത്. തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിന് സമീപം ഇയാൾ 4 ബിഎച്ച്കെ ഫ്ളാറ്റ് വാങ്ങി.
ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും 1.3 കോടിയുടെ എസ് യു വിയും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഹർഷലിനെ സഹായിച്ചതിന് സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ജീവനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹർഷൽ കുമാർ ഒളിവിലാണ്. പണം തട്ടിയെടുക്കാൻ 23കാരൻ പിന്തുടർന്ന പദ്ധതി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്പോർട്സ് കോംപ്ലക്സിൻ്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർഷൽ സ്പോർട്സ് കോംപ്ലക്സിൻ്റെ പഴയ ലെറ്റർഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയിൽ ചെയ്തു. സ്പോർട്സ് കോംപ്ലക്സിൻ്റെ അക്കൗണ്ടിന് സമാനമായ ഒരു വിലാസത്തിൽ പ്രതി ഒരു പുതിയ ഇമെയിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ ഇ-മെയിൽ വിലാസം സ്പോർട്സ് കോംപ്ലക്സിൻ്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നു. ഇടപാടുകൾക്കുള്ള ഒടിപികളും മറ്റ് വിവരങ്ങളും ഹർഷലിന് ആക്സസ് ചെയ്യാനാകുമായിരുന്നു.
ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ വർഷം ജൂലൈ 1നും ഡിസംബർ 7 നുമിടയിൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഇയാൾ വാങ്ങിയ ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആറിൽ ഇതുവരെ മൂന്ന് പേരുടെ പേരുണ്ടെന്ന് മുതിർന്ന പൊലീസ് ഓഫീസർ പ്രശാന്ത് കദം പറഞ്ഞു. “രണ്ട് പ്രതികൾ അറസ്റ്റിലായി, ഒരാൾ ഒളിവിലാണ്. ബിഎംഡബ്ല്യു കാറും ബൈക്കും വാങ്ങിയതായും ആഡംബര അപ്പാർട്ട്മെൻ്റ് വാങ്ങിയതായും കുറച്ച് സ്വർണ്ണാഭരണങ്ങൾക്ക് ഓർഡർ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രധാന പ്രതിക്കായി തിരച്ചിലിലാണ്”, അദ്ദേഹം പറഞ്ഞു.