മുംബൈ: തിരക്കേറിയ റോഡിൽ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ച് ആഡംബര വാഹനം. മദ്യപിച്ച് വാഹനം ഓടിച്ച ക്വാറി ഉടമ പിടിയിൽ. തലയിൽ ഗുരുതര പരിക്കേറ്റ 45കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വിരാറിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതിനെയാണ് ഫോർച്യൂണർ ഇടിച്ച് തെറിപ്പിച്ചത്.
കോളേജിൽ നിന്ന് വീട്ടിലേക്ക് നടന്ന് നീങ്ങിയ അധ്യാപികയെ പിന്നിൽ നിന്ന് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിലെ ഡിവൈഡറിലേക്ക് വീണ ആത്മജയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ ആളുകൾ ഫോർച്യൂണറും കാറിലുണ്ടായിരുന്നവരേയും തടഞ്ഞ് വയ്ക്കുകയും അധ്യാപികയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മാരകമായി പരിക്കേറ്റ 45കാരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ശുഭം പാട്ടീൽ എന്ന 24കാരനായ ക്വാറി ഉടമയായിരുന്നു മദ്യ ലഹരിയിൽ അപകടത്തിനിരയാക്കിയ കാർ ഓടിച്ചിരുന്നത്. മൂന്ന് സുഹുത്തുക്കളും ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്നു. നിരവധി മദ്യ കുപ്പികളാണ് കാറിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിനുള്ളിൽ വച്ച് യുവാക്കൾ മദ്യപിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. ഭർത്താവിനും കുട്ടികൾക്കും ഒപ്പമായിരുന്നു അധ്യാപിക വിരാറിൽ തന്നെയായിരുന്നു അധ്യാപിക താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ ഇവരുടെ സംസ്കാരം നടന്നത്.