Kerala News

മിഷൻ ബേലൂർ മഗ്ന അതീവ ദുഷ്കരം ; ദൗത്യസംഘത്തിന് വെല്ലുവിളിയായി പുലിയും

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുകയാണ്. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ദൗത്യം അതീവ ദുഷ്കരമാണ്. വനത്തിലെ പുലിയുടെ സാന്നിധ്യവും ദൗത്യസംഘത്തിന് വെല്ലുവിളിയായി. ദൗത്യസംഘം ഇന്നലെ രണ്ടുതവണ പുലിയുടെ മുന്നിൽപ്പെട്ടിരുന്നു. ബേലൂർ മഗ്നൊക്കൊപ്പം ഉള്ള മോഴയാന അക്രമകാരിയാണ് എന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

നിലവിൽ ആന കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്തെ വനത്തിൽ ഉണ്ടെന്നാണ് വിവരം. റേഡിയോ കോളർ സിഗ്നൽ ഏറ്റവുമൊടുവിൽ ഇവിടെ നിന്നാണ് ലഭിച്ചത്. ട്രാക്കിംഗ് ടീം രാവിലെ തന്നെ വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നു. എന്നാൽ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.

Related Posts

Leave a Reply