Kerala News

മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. 

കോഴിക്കോട്: മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. 40 രൂപയായിരുന്നു വില. പിന്നീട് കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു.

ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15  വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉല്‍പന്നമായി ചോക്ലേറ്റ് ഉദ്പാദനം ആരംഭിച്ചത്.  

അതേസമയം, കടയിൽ ചോക്ലേറ്റ് സൂക്ഷിച്ചതിലെയോ മറ്റോ പ്രശ്നമാകാം പരാതിക്ക് പിന്നിലെന്ന് മിൽമ വ്യക്തമാക്കി. നിര്‍മിക്കുന്ന ഉൽപന്നങ്ങളുടെ സാമ്പിളുകൾ മിൽമ സൂക്ഷിക്കാറുണ്ട്. ഇത്തരം പരാതി ഉയര്‍ന്നപ്പോൾ തന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കി. ആരോപിക്കപ്പെടുന്ന തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ചോക്ലേറ്റിന് ഉണ്ടായിരുന്നില്ല. ഇത് കടയിൽ സൂക്ഷിച്ചതിന്റെയോ അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ ഫലമായി കേട് വന്നതാകാനാണ് സാധ്യതയെന്നും ഡാര്‍ക്ക് ചോക്ലേറ്റിന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും, മിൽമ സെയിൽസ് ആൻഡ് മാര്‍ക്കറ്റിങ് വിഭാഗം അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

Related Posts

Leave a Reply