മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആര്‍എല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടി.
വിഷയവുമായി ബന്ധപ്പെട്ട ആദ്യ ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതുസംബന്ധിച്ച് തുടര്‍ചോദ്യത്തിന് മുഖ്യമന്ത്രി രോഷാകുലനായി. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.
”അന്വേഷണം നടക്കട്ടെ. വിവരങ്ങള്‍ പുറത്തുവരട്ടെ. വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. ഞാന്‍ പറയേണ്ടത് പറഞ്ഞു. നിങ്ങള്‍ കേട്ടില്ലേ. കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോള്‍ എനിക്ക് ഇതാണ് പറയാനുള്ളത്.” പിണറായി വിജയന്‍ പറഞ്ഞു.