Kerala News

മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്സാലോജിക്. വീണാ വിജയൻറെ കമ്പനിയാണ് എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടൻ മറുപടി നല്‍കും. ഇന്നലെയാണ് കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഓഫീസിൽ എസ്എഫ്ഐഒ സംഘം പരിശോധന നടത്തിയത്.

സിഎംആർഎല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്ഐഡിസിയിൽ എത്തിയത്. എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും.

Related Posts

Leave a Reply