Kerala News

മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.

കോഴിക്കോട്: വ്യവസായിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് അന്വേഷിക്കുന്നതിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് സംഘം പ്രവർത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ ഷാരോൺ സിഎസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയും സംഘത്തിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 21-നാണ് പ്രധാന റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും ഈ അന്വേഷണത്തിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മലപ്പുറം എസ്പിയുടെ നേൽനോട്ടത്തിൽ പുതിയ സംഘത്തെ എഡിജിപി അജിത് കുമാറാണ് നിയോഗിച്ചത്. ഇപ്പോഴുള്ള അന്വേഷണവും തൃപ്തികരമല്ലെന്ന് കുടുംബം പ്രതികരിച്ചിരുന്നു.

Related Posts

Leave a Reply