ആലപ്പുഴ മാന്നാർ കല കൊലപാതക കേസിലെ ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ എന്ന് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.
കലയുടെ കൊലപാതകം അന്വേഷിക്കാനുള്ള സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. 21 അംഗ പോലീസ് സംഘമായിരിക്കും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുന്നത് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെയായിരിക്കും.
കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 15 വർഷം മുൻപായിരുന്നു കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞദിവസം സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ഒരു യുവതിയെ കാണാതായ കേസിൽ സത്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.