Kerala News

മാന്നാറിലെ കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ.

അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകൻ മാധ്യമങ്ങളോടുപറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധനയിൽ എന്തുകിട്ടിയെന്നും മകൻ ചോദിക്കുന്നു. അമ്മ എവിടെയോ ജീവനോടെ ഉണ്ടെന്ന മകന്റെ 15 വർഷത്തെ പ്രതീക്ഷകൾ തച്ചുടച്ചുകൊണ്ടായിരുന്നു കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭർത്താവ് തന്നെയെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും ഇന്നലത്തെ പരിശോധനയിൽ പ്രധാനപ്പെട്ട തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മകൻ പറയുന്നു. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കേവലം സൂചനയല്ല. തനിക്ക് ഉറപ്പാണ്. അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് പൂർണമായി ആത്മവിശ്വാസമുണ്ട്. അച്ഛന് യാതൊരു ടെൻഷനുമില്ല. എസ്പിയുടെ വാർത്താസമ്മേളനത്തിലുൾപ്പെടെ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും മകൻ ആരോപിക്കുന്നുണ്ട്.

ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ കാണാതായ കേസില്‍ സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും , പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Posts

Leave a Reply