Kerala News

മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 55,000 രൂപ പിഴയും

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 55,000 രൂപ പിഴയും. വാഴക്കാട് അനന്തായൂർ നങ്ങച്ചൻകുഴി അബ്ദുൽ കരീമിനെയാണ് (50) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്മി എസ്. രശ്മി ശിക്ഷിച്ചത്. 2022ൽ 17കാരനെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പരാതിക്കാരന്റെ വീട്ടിൽ വെച്ചും ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. 17കാരന്റെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു. 

വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നു വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ അധിക തടവ്, പോക്‌സോ ആക്ട് പ്രകാരം 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വ കുപ്പുകളിലും രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ മറ്റൊരു പോക്‌സോ വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ തുക പരാതിക്കാരന് നൽകണമെന്നും കോടതി വിധിച്ചു. 

സർക്കാറിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് അതിജിവിതന് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശവും നൽകി. വാഴക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ബി. പ്രദീപ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ കെ. ഷാഹുലാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്മരിച്ചു. 19 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആയിഷ കിണറ്റിങ്ങൽ പ്രോസി ക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Related Posts

Leave a Reply