Kerala News Top News

മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം.വനത്തിനുള്ളിൽ ആർആർടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പോസ്റ്റ്മോർട്ടം മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കും. മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയും രാവിലെ സംഘത്തിൻറെ ഭാഗമാകും. കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയിൽ നിന്നും തെരച്ചിലായി കുംകി ആനകളെ എത്തിക്കും. രാവിലെ ക്യാമറ ട്രാപ്പുകളിൽ പരിശോധന നടത്തും.

നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.

Related Posts

Leave a Reply