മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും . നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. സുരേഷ് ഗോപിയെ കള്ളക്കേസിൽപ്പെടുത്തി എന്നാരോപിച്ച് ഇന്ന് പദയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ പറഞ്ഞു.
ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു സുരേഷ് ഗോപിക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹാജരാകാമെന്ന് അഭിഭാഷകൻ പൊലീസിനെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സുരേഷ് ഗോപി എത്തും. എന്നാൽ സുരേഷ്ഗോപിയെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ബിജെപി ഇന്ന് പദയാത്ര സംഘടിപ്പിക്കും. ഇംഗ്ലീഷ് പളളി ജംഗ്ഷൻ നിന്നും പൊലീസ് സ്റ്റേഷൻ കവാടം വരെയാണ് പരിപാടി. ഐക്യദാർഡ്യറാലിയിൽ സുരേഷ്ഗോപി പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 27നാണ് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ കോഴിക്കോടുവെച്ച് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ഇത് നടക്കാവ് പൊലീസിന് കൈമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പത്തോളം മാധ്യമപ്രവർത്തകരുടെയും ബിജെപി നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കില്ലെന്നാണ് സൂചന.