കണ്ണൂര്‍: മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഡിക്ക് എല്ലാ സഹായവും ചെയ്യുകയാണെന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില് പരിശോധിക്കും. ശാരീരിക അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരമെന്നും തെറ്റായ കാര്യങ്ങള്‍ നടന്നുവെങ്കില് പരിശോധിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം വന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തി. അവസാനം രണ്ട് ചന്ദ്രമതിയും വേറെയാണെന്ന് തെളിഞ്ഞില്ലെന്നും എം വി ഗോവിന്ദന് ചോദിച്ചു.
‘രണ്ടാഴ്ച്ചക്കുള്ളില്‍ എത്ര കള്ളത്തരങ്ങളാണ് ഇഡി പ്രചരിപ്പിക്കുന്നത്. എം കെ കണ്ണനും എ സി മൊയ്തീനുമെതിരെ എത്ര വ്യാജ വാര്‍ത്തകള്‍ ആണ് പ്രചരിപ്പിക്കുന്നത്. സുരേഷ് ഗോപിക്ക് തൃശൂരില്‍ കളമൊരുക്കുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. അത് വില പോകില്ല.’ എന്നും എം വി ഗോവിന്ദന് പറഞ്ഞു.