തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ റിസോർട്ട് ഇടപാടിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെൻറ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വിൽപ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് സർക്കാർ നിർദേശം.
എന്നാൽ വിവാദങ്ങൾക്കിടയിലും മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്കി. കഴിഞ്ഞ ഏഴാം തീയിതിയാണ് ഹോംസ്റ്റേ എന്ന രീതിയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നത്. വരുന്ന ഡിസംബര്‍ 31 വരെയാണ് പുതുക്കി നല്‍കിയിരിക്കുന്ന പഞ്ചായത്ത് ലൈസന്‍സിന്റെ കാലാവധി. നിയമപരമായിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്.
റിസോര്‍ട്ടിന് പൊലൂഷനും പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് തടസമില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. നിലവിലുള്ള പൊലൂഷന്‍ കാലാവധി ഡിസംബറിലാണ് അവസാനിക്കുക. അതുവരെ മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താന് റിപ്പോര്‍ട്ടറോട് പറഞ്ഞു.
എംഎല്‍എയുടെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്കാന് റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധ ഇടപെടലുണ്ടായെന്നായിരുന്നു വിവാദം. ഇതിനുപിന്നാലെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.











