വീണാ വിജയന്റെ എക്‌സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യ വകുപ്പ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നികുതി നല്‍കിയില്ലെന്ന പരാതിയാണ് പരിശോധിക്കുക. വീണാ വിജയന്റെ എക്‌സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.
വീണാ വിജയന്‍ ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്ത് വിടണമെന്ന ആവശ്യമുന്നയിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് ഇ-മെയിലായി പരാതി അയക്കുകയായിരുന്നു. പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. നികുതി സംബന്ധിച്ച പരാതിയായതിനാല്‍ നികുതിവകുപ്പിന് ഇത് കൈമാറും.
അന്തര്‍സംസ്ഥാന വ്യാപാരവും സേവനവും നടത്തുന്ന കമ്പനികള്‍ അടക്കേണ്ടത് ഐജിഎസ്ടി ആണ്. ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംസ്ഥാനത്താണ് ഒടുക്കേണ്ടത്. ആ നികുതി കേന്ദ്രപൂളിലേക്ക് പോകുകയും അവിടെ നിന്ന് സാധനവും സേവനവും എത്തിയ സംസ്ഥാനങ്ങള്‍ നികുതി വിഹിതം വീതിച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. ഐജിഎസ്ടി അടക്കുന്നതില്‍ കമ്പനികള്‍ വീഴ്ചവരുത്തിയാല്‍ അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നടപടി സ്വീകരിക്കാം. വീണയുടെ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കര്‍ണ്ണാടകയിലാണ്. അതിനാല്‍ തന്നെ മാത്യു കുഴല്‍നാടന്റെ പരാതിയില്‍ സംസ്ഥാന ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നത് പ്രസക്തമാണ്.