തിരുവനന്തപുരം: തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം ടി വി – ജന്മഭൂമി എന്നീ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂന്ന് മാധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകിയത്. ഇവര്‍ മൂന്ന് പേരും വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വണ്ടിപ്പെരിയാര്‍ കേസിൽ പ്രതി അര്‍ജുനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചത്. അഞ്ച് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ഇവിടെയെത്തിയത്. മൊബൈലുമായി ഡിജിപിയുടെ വസതിയിലെത്തി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകര്‍ത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായെത്തിയ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലിസ് കേസെടുത്തത്. ഇതിലാണ് ഇപ്പോൾ ബിജെപി മുഖപത്രത്തിന്റെയും ദൃശ്യമാധ്യമത്തിന്റെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിഷേധക്കാരായ അഞ്ചു പേരെ റിമാൻഡ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് മ്യൂസിയം എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം പോലീസ് കേസെടുക്കാൻ വിമുഖത കാണിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ചു കടന്നതിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പ്രവര്‍ത്തനം തടസപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ഉദാഹരിച്ച് ഇപ്പോഴത്തെ കേസ് തിരിച്ചടിയാകുമെന്ന് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം.