India News

മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ.

മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. കൃഷ്ണ വിശ്വ വിദ്യാലയത്തിൽ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മഹാരാഷ്ട്രയിലെ സതാറയിൽ പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. സംഭവദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മിൽ തർക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി. നേരത്തെയും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വ‍ർഷമായി പ്രണയത്തിലായിരുന്നത്രെ. പിന്നീട് ഇവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായി. ഫ്ലാറ്റിൽ വെച്ചുള്ള തർക്കത്തിനിടെ യുവാവ് പെൺകുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നു.

മൽപ്പിടുത്തത്തിനിടെ യുവാവിന്റെ ശരീരത്തിലും ചെറിയ മുറിവുകളുണ്ടായിരുന്നു. ഇതും പൊലീസിന് നിർണായക തെളിവായി. പെൺകുട്ടിയുടെ അമ്മയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇയാൾ തന്റെ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മറ്റ് ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് തടഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ഡോക്ടറാണ്. ഇയാളിൽ നിന്ന് അകന്നുനിൽക്കാൻ താൻ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അതിന് ശ്രമിക്കുമ്പോഴൊക്കെ യുവാവ് പിന്തുടർന്ന് ഉപദ്രവിക്കുന്നതായി മകൾ പറ‌ഞ്ഞുവെന്നും അമ്മ മൊഴി നൽകി.

Related Posts

Leave a Reply