Kerala News

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ


മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി. എയർ ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു

ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Related Posts

Leave a Reply