സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ്29 ) അതി ശക്തമായ മഴക്കും മെയ് 29 മുതൽ ജൂൺ 2 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് മധ്യ-തെക്കൻ മേഖലകളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മണ്സൂണ് കാറ്റ് ശക്തി പ്രാപിച്ചതും, തെക്കൻ തമിഴിനാടിന് മുകളിൽ തുടരുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. സംസ്ഥാനത്ത് പൊതുവെ മഴ മാറിനിൽക്കുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായത്. വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ കരകവിഞ്ഞ തോടുകളും കൈവരികളും വെള്ളക്കെട്ടുകളും മഴ മാറി നിന്നതോടെ ഇറങ്ങി തുടങ്ങി. ഇന്ന് എവിടെയും മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.