ന്യൂഡല്‍ഹി: മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതിനിടെ യമുനയിലെ വിഷപ്പതയില്‍ തലകഴുകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സോറോ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഷാമ്പൂ ആണെന്ന് കരുതി ഒരു ആന്റി വിഷപ്പതയില്‍ മുടി കഴുകുകയാണെന്നായിരുന്നു ഇയാള്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ദില്ലിയിലാണ് സംഭവമെന്നും അദ്ദേഹം കുറിച്ചു. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവര്‍ക്കും അനിവാര്യമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഉപയോക്താവ് അഭിപ്രായപ്പെട്ടു.
വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് സ്ത്രീയെയും മുന്നറിയിപ്പ് മറികടന്ന് നദിയിലിറങ്ങിയവരേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ യുമനദിയില്‍ ഇറങ്ങരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.