Entertainment Kerala News

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത

കോഴിക്കോട്: മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് താൻ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അമൃത റിപ്പോർട്ടറിനോട് പറഞ്ഞു.

കോർഡിനേറ്റേഴ്സാണ് സിനിമയിലേക്ക് വിളിക്കുക. വേതനം കൃത്യമായി കിട്ടാറില്ല. ചില സമയത്ത് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും നിവ‍ർത്തിയില്ല. പണം നൽകുന്നില്ലെന്ന് മാത്രമല്ല, മാനുഷിക പരിഗണന നൽകാറില്ലെന്നും 2000 രൂപയാണ് പ്രതിഫലം പറയുന്നതെങ്കിലും 500 രൂപയൊക്കെ മാത്രമേ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്നുള്ളുവെന്നും അമൃത പറഞ്ഞു.

പ്രൊഡ്യൂസ‍ർ എന്ന പേരിൽ ഷൈജു എന്നയാൾ രാത്രി വാട്സ്ആപ്പ് ചെയ്തു. 10 മണിക്ക് ശേഷം ഫോണിൽ വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ കൂടുതൽ സംസാരിക്കാതെ പോയ അയാൾ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടു. തനിക്ക് കുഞ്ചാക്കോ ബോബന്റെ സിനിമയിൽ അപർണ ബാലമുരളിയുടെ സുഹൃത്തായുള്ള ക്യാരക്ടർ റോൾ നൽകാമെന്ന് പറഞ്ഞു. 2,40,000 രൂപയാണ് തനിക്കുള്ള വേതനമെന്ന് പറഞ്ഞത്. 50,000 രൂപ എഗ്രിമെന്റിനൊപ്പം നൽകാമെന്നും പറഞ്ഞു.

എന്നാൽ ഇതിനൊപ്പം അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചു. എന്താണെന്ന് തിരിച്ച് ചോദിച്ചപ്പോൾ ഫിലിം ഫീൽഡ് അല്ലേ അഡ്ജസ്റ്റ്മെന്റൊക്കെ ഉണ്ടെന്ന് അറിയില്ലേ എന്നായിരുന്നു മറുപടി. കിടക്ക പങ്കിടാൻ തയ്യാറാണോ എന്നും അയാൾ ചോദിച്ചു. താത്പര്യമില്ലെന്ന് പറ‍ഞ്ഞതോടെ ആ അവസരം നഷ്ടമായി.

എന്തിന് അഡ്ജസ്റ്റ് ചെയ്യണമെന്ന തന്റെ ചോദ്യത്തിന് ജൂനിയർ ആർട്ടിസ്റ്റല്ലേ, ഫേമസാവുകയല്ലേ, ഇത്രയും തുക തരുകയല്ലേ, അപ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടേ എന്നായിരുന്നു മറുപടി. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന ഇത്തരം ഡീസന്റ് ആയ ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അമൃത പറഞ്ഞു. പ്രതികരിച്ചാൽ ഒറ്റപ്പെട്ട് പോയാലോ എന്ന് പേടിച്ചാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നാണ് അമൃത വ്യക്തമാക്കുന്നത്.

അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട് കോർഡിനേറ്ററായ സ്ത്രീയും വിളിച്ചു. ശരീരഭാഗങ്ങൾ തുറന്ന് കാണിക്കുന്ന വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമയിൽ സുരക്ഷിതരല്ലെന്നും അമൃത വെളിപ്പെടുത്തി.

Related Posts

Leave a Reply