ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി സുപര്‍ണ ആനന്ദ്. സിനിമയില്‍ വനിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. കേരള സര്‍ക്കാര്‍ വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ല. പീഡനക്കേസില്‍ പ്രതിയായ മുകേഷ് രാജി വെക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജി ആവശ്യപ്പെടണം. പുരുഷന്റെ മനോഭാവം മാറേണ്ടതുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ ഇടപെടണം. ഇത്രയും സ്വാധീനമുള്ള നടന്മാര്‍ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും സുപര്‍ണ ചോദിച്ചു.
വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സുപര്‍ണ. വളരെ കുറച്ച് സിനിമകള്‍ മാത്രം മലയാളത്തില്‍ ചെയ്ത സുപര്‍ണ സിനിമ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ള കയ്‌പേറിയ അനുഭവങ്ങള്‍ കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്നും സുപര്‍ണ പറഞ്ഞിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നത്. അതേസമയം എഎംഎംഎ ഭരണസമിതി രാജി വെച്ച സാഹചര്യത്തില്‍ എഎംഎംഎ ഭാരവാഹികളായി സ്ത്രീകള്‍ വരണമെന്ന് നടി രഞ്ജിനി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സ്ഥാനത്തേക്കും സ്ത്രീ വരണം. പുരുഷന്‍ തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും രഞ്ജിനി പറഞ്ഞു.
ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രിബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. സിനിമാ മേഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.