മലപ്പുറത്ത് 14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ നാളെ പ്രവർത്തിക്കരുത്. മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.
നിലവിൽ 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്ക് പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരനു പനി ബാധിച്ചത്. 12നു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13നു പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15നു ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.