Kerala News

മലപ്പുറത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ 57 വയസ്സുകാരന് 45 വർഷം കഠിന തടവും 30,000 രൂപ പിഴയും

തിരൂർ : മലപ്പുറത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ 57 വയസ്സുകാരന് 45 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. താനാളൂർ പട്ടരുപറമ്പ് മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയെയാണ് (57) കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവനുഭവിക്കണം. താനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ 2023 മെയ് 25നാണ് അറസ്റ്റ് ചെയ്തത്. 

കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ട്രയൽ നടത്തി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 25000 രൂപ അതിജീവിതക്ക് നൽകാനും ഉത്തരവായി. കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. 

തിരൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ജീവൻ ജോർജായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. ലൈസൺ വിങ്ങിലെ അസി. സബ് ഇൻസ്‌പെക്ടർ എൻ.പി. സീമ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Related Posts

Leave a Reply