Kerala News

മലപ്പുറത്തെ തഹ്ദിലയുടെ മരണം; ഭർതൃപിതാവ് അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്‍ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്.

Related Posts

Leave a Reply