മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി തന്നെയായ ബൽറാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശി തന്നെയായ ബൽറാമാണ് ഇന്നലെ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ ബൽറാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബൽറാം കൊല്ലപ്പെട്ടതെന്ന് വാസു മൊഴി നൽകി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടർന്ന് ബൽറാം മുറിയുടെ ഭിത്തിയിൽ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താൻ ലോഡ്ജിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് വാസുവിന്‍റെ മൊഴി. 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണിക്കാരാണ് ബല്‍റാമും വാസുവും.