മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.
അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ രജനിയ്ക്കും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും ഇയാൾക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു.