മലപ്പുറം: മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.
ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്‌നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂർ ജുമാമസ്ജിദിലും നടക്കും. അതേസമയം, മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് കഴിഞ്ഞ ദിവസത്തെ അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികാരികളുമായി ചർച്ച നടന്നതിന് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.